Total Pageviews

Friday, 6 May 2016

രോഹിണി നക്ഷത്രം



 ROHINI NAKSHATHRAPHALAM

ശ്രീകൃഷ്ണന്റെ ജന്മനക്ഷത്രം എന്ന പേരില്‍ പ്രസിദ്ധമായ ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ സ്ഥിരചിത്തരും സൗന്ദര്യമുള്ളവരുമായിരിക്കും. നേത്രത്തിന്‌ വൈകല്യമോ രോഗമോ വരാന്‍ സാധ്യതയുണ്ട്‌. കുലീനത, മധുരഭാഷണം, പെട്ടെന്നുള്ള കോപം, നീതിന്യായതാല്‍പര്യം എന്നിവ ഇവരുടെ പ്രത്യേകതകളാണ്‌. മാതാവിനോട്‌ ഇവര്‍ക്ക്‌ പ്രത്യേകതയുണ്ട്‌. വാത്സല്യം, സ്നേഹം, ദയ, പരോപകരാപ്രവണത , മുഖശ്രീ എന്നിവ ഗുണങ്ങളാണ്‌. 
രോഹിണി നക്ഷത്രക്കാര്‍ സാധാരണയായി അല്പം തടിച്ച ശരീരപ്രകൃതക്കാരായി കാണുന്നു.ഇവരുടെ കണ്ണുകള്‍ വലുതും തിളക്കമുള്ളതുമായിരിക്കും. പലരുടെ നടുക്ക് ഇവരുടെ ആകര്‍ഷണീയത കൊണ്ട് തിരിച്ചറിയാന്‍ സാധിക്കും.കൃഷ്ണന്റെ ജന്മദിനമായി കൊണ്ടാടുന്ന അഷ്ടമിരോഹിണി, ഈ നാളിലാണ്. സാത്വികരായതുകൊണ്ട് മനസ്സിനു നല്ല സ്ഥിരതയുള്ളവരാണ്. ചെറിയ അപകടങ്ങള്‍ വന്നു എന്നു വിചാരിച്ച് പതറുകയോ ആത്മധൈര്യം കൈവിടുകയോ ചെയ്യാറില്ല. ദൃഢചിത്തതയോടും ആത്മവിശ്വാസത്തോടും കൂടി പരാജയപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ തന്നെ വീണ്ടും വീണ്ടും ഏര്‍പ്പെട്ട് വിജയം വരിക്കും. ഈ സ്വഭാവവിശേഷണം കാരണം രോഹിണി നക്ഷത്രക്കാരെ മറ്റുള്ളവര്‍ ബഹുമാനിക്കും. മറ്റുള്ളവര്‍ ബഹുമാനിക്കുന്ന ലളിത ജീവിതമായിരിക്കും ഇവരുടേത്. ഇവര്‍ നീചകര്‍മ്മങ്ങളില്‍ തത്പരരാകാറില്ല. വിചാരവികാരങ്ങള്‍ക്ക് അടിമപ്പെട്ട് വേണ്ടാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയുമില്ല. മറ്റുള്ളവരുടെ കുറവുകുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിവുള്ളയിരിക്കും. ഇവര്‍ ബുദ്ധി ജീവികളും മനസ്വികളുമായിരിക്കും. ഏതു തൊഴിലും സമര്‍ത്ഥമായും ആത്മാര്‍ത്ഥമായും മനസ്സിരിത്തിയും ചെയ്യും.സ്‌നഹിക്കുന്നവര്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ ഇവര്‍ തയ്യാറാകും. പല വിദ്യയിലും നിപുണരായിരിക്കുമെങ്കിലും ഒരു വിദ്യയിലും പൂര്‍ണ്ണത്വമുണ്ടായിരിക്കുകയില്ല.

ജീവിതം ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. പ്രവര്‍ത്തനങ്ങളില്‍ വിജയവും നേടും. എന്നാല്‍ വ്യക്തമായ ജീവിത പദ്ധതി രൂപപ്പെടുത്തുന്നതില്‍ പരാജയപ്പെടും. ഈ കുറവിനെ മറികടന്നാല്‍ ഇവര്‍ അധികാരവും സമ്പത്തും വിജയവും നേടും. വരവ് ചെലവുകള്‍ നോക്കാതെ ജീവിക്കുന്നത് മൂലം പ്രയാസം ഉണ്ടാകും. വ്യാപാരങ്ങളിലും സാമൂഹ്യ പ്രവര്‍ത്തന രംഗത്തും ഇവര്‍ ശോഭിക്കും.
കുടുംബത്തില്‍ സ്വതന്ത്ര ബുദ്ധി മൂലം പിതാവുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാന്‍ സാധ്യത. മാതാവിനോടായിരിക്കും കൂടുതല്‍ അടുപ്പവും സ്നേഹവും.
അമിതമായ അഭിമാന ബോധമാണ് ഇവരുടെ പ്രധാന ദൌര്‍ബല്യം. അധികാര പ്രമത്തത കാണിക്കും. ക്ഷോഭം മൂലം പല തീരുമാനങ്ങളും എടുക്കും, പക്ഷെ പിന്നീട് വേണ്ട എന്നും തോന്നും. സ്ഥിരമായ ഒരു ലക്‌ഷ്യം ഇവരുടെ പരിഗണനയില്‍ ഇല്ല. സ്നേഹമാണ് ഇവരുടെ സഹായങ്ങളുടെ അടിസ്ഥാനം. സത്യത്തെ മുന്‍നിര്‍ത്തി ജീവിക്കും. ആത്മാഭിമാനം മുറിവേറ്റാല്‍ സഹന ശക്തിയും  ക്ഷമയുമില്ലതെ പ്രതികരിക്കും.
എല്ലാവരോടും സമത്വ രീതിയില്‍ പെരുമാറും. ധാരാളം അറിവ് സമ്പാദിക്കും. അടുക്കും ചിട്ടയും പോരാ.


രോഹിണി നക്ഷത്രക്കാരായ സ്ത്രീകള്‍ മുഖപ്രസാദമുള്ളവരും ആകര്‍ഷകമായ കണ്ണുകളോടുകൂടിയവരും വശ്യമായ പുഞ്ചിരിയുള്ളവരും എല്ലാവരും ഇഷ്ടപ്പെടുന്ന ലാളിത്യത്തോടുകൂടിയവരുമായിരിക്കും. മാതൃകാപരമായ ജീവിതം നയിച്ചകൊണ്ട് ഭര്‍ത്താക്കന്‍മാര്‍ക്ക് എപ്പോഴും സഹായവും പ്രേരണയുമായിരിക്കും. ക്ഷമയും മന:ശക്തിയും ഉണ്ടായിരിക്കും. ആഭരണാദി അലങ്കാരങ്ങള്‍ ഇഷ്ടപ്പെടുന്നത് ഇവരുടെ സ്വഭാവമാണ്. ധാര്‍മ്മികമായ പ്രവര്‍ത്തികളില്‍ താത്പര്യവും ഈശ്വരഭക്തിയും ഉണ്ടായിരിക്കും. സ്വഭാവദൂഷ്യം അസൂയ ഇവയൊന്നും ഉണ്ടായിരിക്കുകയില്ല.

 രാഹു, കേതു, ശനി ദാശാപഹാരകാലങ്ങളില്‍ രോഹിണി നക്ഷത്രക്കാര്‍ ദോഷപരിഹാരം ചെയ്യണം. പതിവായി ചന്ദ്രനെയോ ദുര്‍ഗ്ഗാദേവിയേയോ പാര്‍വ്വതീദേവിയെയോ ആരാധിക്കുന്നത് നല്ലതാണ്. 
തിങ്കളാഴ്ചവ്രതം ക്ഷിപ്രഫലം നല്‍കും. രോഹിണിയും തിങ്കളും ഒത്തുവരുന്ന ദിവസവും പൗര്‍ണ്ണമി ദിവസവും വ്രതമെടുത്ത് പ്രത്യേകപൂജകള്‍ ചെയ്യുന്നത് അത്യുത്തമം ആയിരിക്കും. പൗര്‍ണ്ണമിയില്‍ ദുര്‍ഗ്ഗാക്ഷേത്രദര്‍ശനവും അമാവാസിയില്‍ ഭദ്രകാളീക്ഷേത്രദര്‍ശനവും ഗുണപ്രദം ആകുന്നു. അനുജന്മനക്ഷത്രങ്ങളായ അത്തം, തിരുവോണം എന്നിവയിലും നക്ഷത്രദിവസവും ക്ഷേത്രദര്‍ശനം നടത്തണം. രോഹിണിയുടെ നക്ഷത്രദേവത: ബ്രഹ്മാവ്. നിത്യവും ബ്രഹ്മാവിനെ പൂജിക്കുന്നതും ബ്രഹ്മമന്ത്രം ജപിക്കുന്നതും ഗുണപ്രദം ആകുന്നു.
മന്ത്രം: "ഓം ബ്രഹ്മദേവായ നമ:"

 വെള്ള, ചന്ദനനിറം എന്നിവ അനുകൂലം.
 നക്ഷത്ര മൃഗം- പാമ്പ്‌,
 വൃക്ഷം- ഞാവല്‍,
 ഗണം- മാനുഷ,
 യോനി- സ്ത്രീ,
പക്ഷി-പുള്ള്‌,
 ഭൂതം -ഭൂമി.

 അനിഷ്ട നക്ഷത്രങ്ങള്‍ - തിരുവാതിര, പൂയം, മകം, മൂലം, പൂരാടം, ഉത്രാടം1/4

No comments:

Post a Comment