Total Pageviews

Friday, 6 May 2016

മകയിരം നക്ഷത്രം



MAKAYIRAM NAKSHATHRAPHALAM 
മകയിരം നക്ഷത്രം ഭാരതീയ ജ്യോതിശാസ്ത്രത്തിൽ മൃഗശീർ‌ഷംഎന്നറിയപ്പെടുന്നു. ആദ്യ പകുതി ഇടവരാശിയിലും അവസാന പകുതി മിഥുനരാശിയിലുമാണെന്ന് കണക്കാക്കുന്നു.ഈ നക്ഷത്രജാതര്‍ സൗന്ദര്യം, ബുദ്ധി, ആത്മാര്‍ത്ഥത എന്നിവയുള്ളവരായിരിക്കും. ഏറ്റെടുക്കുന്ന തൊഴില്‍ കാര്യക്ഷമമായി ചെയ്യാന്‍ ഇവര്‍ക്ക്‌ കഴിയുന്നു. പൊതുവേ ഇവരുടെ കൈപ്പടയും നന്നായിരിക്കും, മകയിരം നക്ഷത്രത്തില്‍ ജനിച്ചവരില്‍ അധികംപേരും തീരുമാനങ്ങളെടുക്കാന്‍ വളരെയേറെ സമയമെടുക്കുന്നവരാണ്. എല്ലാത്തിനേയും സംശയത്തോടുകൂടി നോക്കുന്ന സ്വഭാവമുണ്ടാകും. മനസ് എപ്പോഴും ആശങ്കാകുലമായിരിക്കും. മകയിരം നക്ഷത്രക്കാര്‍ കൃത്രിമബുദ്ധിക്കാരല്ലാത്തതുകൊണ്ട് ആളുകളെ ഉള്ളുതുറന്ന് വിശ്വസിക്കുന്നവരാണ്. അതുകൊണ്ട് ഇവര്‍ക്ക് വലിയ ചതിവും, അമളിയും പറ്റാറുണ്ട്. ഇവരുടെ പ്രത്യേകതകളും നേര്‍ബുദ്ധിയും കാരണം ആളുകള്‍ ഇവരോടു സന്തോഷപൂര്‍വം ഇടപഴകുന്നു. ഇവര്‍ക്ക് ആഡംബരഭ്രമവും വേഷവിധാനഭ്രമവും ഉണ്ടാകും. സുഹൃത്തുക്കളുമായി വളരെ അടുത്ത സ്നേഹ ബന്ധവും ഇവര്‍ പുലര്‍ത്തുന്നു. തികഞ്ഞ ആത്മാര്‍ഥത ഇവരുടെ പ്രത്യേകതയാണ് . സംസാരത്തിലും പെരുമാറ്റത്തിലും കുലീനതയും വിശ്വസ്തതയും കാട്ടും, മറ്റുള്ളവരെ സഹായിക്കാനും അവരുടെ കാര്യങ്ങള്‍ ചെയ്തുകൊടുക്കാനും ഇവര്‍ എപ്പോഴും തയാറായിരിക്കും. ഇവര്‍ പൊതുവെ ചിലവ് കൂടുതല്‍ ഉള്ളവരായതിനാല്‍ വേണ്ടതിനും വേണ്ടാത്തതിനും പണം ചിലവാക്കും. കൈയില്‍ വരുന്ന പണം മറ്റുള്ളവര്‍ക്കുവേണ്ടി ചിലവാക്കിയെന്നിരിക്കും. ഇത് കൂടുതല്‍ ബാധ്യതകള്‍ വരുത്തി വയ്ക്കും.

ആരോടെങ്കിലും വിശ്വാസം തോന്നിയാല്‍ അവര്‍ പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ മടിക്കുകയില്ല. നിഷപക്ഷമായി ചിന്തിക്കുന്ന സ്വഭാവമുണ്ടാകും. ശത്രുക്കളെ സ്വാധീനിക്കാന്‍ പ്രത്യേകമായ കഴിവ് കാണിക്കും. അന്യരുടെ അഭിപ്രായങ്ങള്‍ ശ്രദ്ധിക്കുമെങ്കിലും തീരുമാനങ്ങളെടുക്കുന്നത് സ്വന്തം ഇഷ്ടമനുസരിച്ചായിരിക്കും. ഇതുമൂലം സ്വജനങ്ങളുമായി അടുപ്പക്കുറവും, അടുത്തസുഹൃത്തുക്കളുടെ അതൃപ്തിയും ഉണ്ടാകും. കുടുംബജീവിതത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകും. ജീവിതപങ്കാളിയുടെ ആരോഗ്യക്കുറവുമൂലം ചിലപ്പോള്‍ ക്ലേശിക്കേണ്ടിവരും. ആശയപരമായ ഭിന്നതയും കുടുംബത്തിലുണ്ടാകും. എന്നാല്‍ ഉറച്ച ഈശ്വരവിശ്വാസവും അതില്‍ നിന്ന് ഉണ്ടാകുന്ന ആത്മവിശ്വാസവും എല്ലാ ബുദ്ധിമുട്ടുകളില്‍ നിന്നും മോചനം നേടാന്‍ വഴിതെളിക്കും. അമ്മയുടെ കുടുംബത്തില്‍ നിന്ന് സഹകരണം കൂടുതല്‍ ലഭിക്കാം. മധ്യവയസിനു ശേഷമായിരിക്കും ചിലപ്പോള്‍ ജീവിതത്തില്‍ നേട്ടമുണ്ടാവുക.

കൂട്ടുകച്ചവടങ്ങളില്‍ ഇവര്‍ക്ക് പല നഷ്ടവും സംഭവിക്കും. എന്നാല്‍ വിശ്വാസ വഞ്ചകരോടും ഇവര്‍ നയപരമായി നിന്ന് കാര്യം സാധിക്കും. പിണങ്ങിയാല്‍ ( വളരെ അപൂര്‍വ്വം ) ശത്രുവിന്റെ നാശം കണ്ടേ വിശ്രമിക്കൂ . ലളിതവും ആദര്‍ശ പരവുമാണ് ജീവിതം. നല്ല വസ്ത്രം ധരിക്കാന്‍ ഇഷ്ടപ്പെടും. വിലപ്പെട്ട അഭിപ്രായങ്ങള്‍ പറയും . 
പണം ബുദ്ധിപൂര്‍വ്വം ചെലവാക്കുന്നതെങ്ങനെ എന്ന് മറ്റുള്ളവരെ പഠിപ്പിക്കാന്‍ വളരെ സമര്‍ത്ഥരാണ്‌ . എന്നാല്‍ ഈ പ്രസംഗക്കാരാകട്ടെ അമിത ചെലവു മൂലം കഷ്ടപ്പെടും . എന്നും എന്തെങ്കിലും ബാധ്യത കാണും. മന: സമാധാനം ഉണ്ടാവുകയില്ല. പ്രശ്നങ്ങള്‍ ഒന്നിന് പിറകെ മറ്റൊന്ന് വന്നു കൊണ്ടിരിക്കും . മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ വളരെ ശ്രദ്ധിച്ചു കേള്‍ക്കുന്നതായി ഭാവിക്കും. പക്ഷെ  അവയൊന്നും പാലിക്കുകയില്ല. അവനവനു ഇഷ്ടപ്പെട്ട രീതിയില്‍ മാത്രം കാര്യങ്ങള്‍ ചെയ്യും. ഒരുതരം ഈഗൊ...! തനിക്ക് ഇഷ്ടമില്ലാത്ത സന്ദര്‍ഭങ്ങള്‍ ഒഴിവാകാന്‍ ശ്രമിക്കും. പക്ഷെ പോകേണ്ടി വന്നാല്‍ അവിടെ തിളങ്ങാനും ശ്രമിക്കും . ഒരു പ്രവൃത്തിയിലും ഏറെക്കാലം ഉറച്ചു നില്‌ക്കില്ല. ജോലികള്‍ മാറി മാറി ചെയ്യും. ചെയ്യുന്ന ജോലിയില്‍ സ്വന്തം കൈമുദ്ര പതിപ്പിക്കും. സ്വന്തം പരിശ്രമത്താല്‍ ധനം സമ്പാദിക്കും . ആസാദ്യകരമായ കുടുംബ ജീവിതം ഉണ്ടാകും . എന്നാല്‍ മുന്‍കോപം മൂലം ഇടയ്ക്കിടെ അസ്വസ്ഥതകള്‍ ഉണ്ടായിക്കൊണ്ടിരിക്കും . 

പുറമേ ധൈര്യം കാണിക്കും എന്നാല്‍ വലിയ ധൈര്യം കാണില്ല.
 ബാല്യകാലം അത്ര മെച്ചമായിരിക്കുകയില്ല. ആരോഗ്യക്കുറവ്, കുടുംബത്തിലെ അസ്വസ്ഥതകള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തുടങ്ങിയവകൊണ്ട് 21 വയസുവരെ പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാം. വിദ്യാഭ്യാസത്തിന് അലസതയോ, തടസങ്ങളോ ഉണ്ടാകാം. 21 വയസു മുതല്‍ 37 വയസു വരെ പൊതുവെ അഭിവൃദ്ധികരമാണ്. വിദ്യാഗുണം, തൊഴില്‍ലാഭം, ധനാഭിവൃദ്ധി തുടങ്ങിയവയെല്ലാം ഈ കാലത്ത് പ്രതീക്ഷിക്കാം. 37 വയസിനു ശേഷം ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഈ കാലത്തു സ്വജനവിരോധം, സ്വജനങ്ങളില്‍ നിന്ന് ഉപദ്രവങ്ങള്‍ ഉണ്ടാകാം. ഈ കാലത്ത് ഉണ്ടാകുന്ന കൂട്ടുകെട്ടുകള്‍ വളരെ ശ്രദ്ധിക്കണം. 56 വയസിനു ശേഷം രോഗകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം.

മകയിരം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ ശരീരശുദ്ധിയും പരിസരശുദ്ധിയുമുള്ളവരായിരിക്കും. സുന്ദരികളും സുശീലകളുമായ ഇവര്‍ ദയ, വാത്സല്യം, പരോപകാരം എന്നിവയുള്ളവരായിരിക്കും. വാചാല പ്രിയരായിരിക്കുമെങ്കിലും കുടുംബജീവിതത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നവരായിരിക്കും

 പ്രതികൂല നക്ഷത്രങ്ങള്‍ - പുണര്‍തം, ആയില്യം, പൂരം,
 മകയിരം ഇടവക്കൂറിന്‌-  മൂലം, പൂരാടം, ഉത്രാടം (ആദ്യപാദം) എന്നിവയും മകയിരം മിഥുനക്കൂറിന്‌-  ഉത്രാടം (അവസാന മൂന്നുപാദം), തിരുവോണം, അവിട്ടം (ആദ്യപകുതി) എന്നിവയും പ്രതികൂലനക്ഷത്രങ്ങളാണ്‌.

 ഇവര്‍ വ്യാഴദശ, ബുധദശ, ശുക്രദശ എന്നിവയില്‍ വിധിപ്രകാരം ഗ്രഹദോഷപരിഹാരങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. മകയിരക്കാര്‍ കുജനെയും കുജന്റെ ദേവതകളെയും ഭജിക്കുന്നത്‌ ഉത്തമമാണ്‌. ചൊവ്വാഴ്ചകള്‍, മകയിരം, ചിത്തിര, അവിട്ടം നക്ഷത്രങ്ങള്‍ എന്നിവയില്‍ കുജമന്ത്ര, സ്തോത്രജപം, സുബ്രഹ്മണ്യഭജനം,{ ഭദ്രകാളീഭജനം കുജന്‍ ജാതകത്തില്‍ യുഗ്മരാശിയിലെങ്കില്‍) എന്നിവ നടത്താവുന്നതാണ്‌.
ചൊവ്വാഴ്ചയും മകയിരവും ചേര്‍ന്നുവരുന്ന ദിവസം വ്രതം, മറ്റു ദോഷപരിഹാരാനുഷ്ഠാനങ്ങള്‍ എന്നിവയ്ക്ക്‌ സവിശേഷപ്രാധാന്യമുണ്ട്‌. ഈ ദിവസം അംഗാരകപൂജ നടത്തുന്നതും നന്നായിരിക്കും. ചുവന്ന വസ്ത്രങ്ങള്‍ ഇവര്‍ക്ക്‌ അനുകൂലമാണ്‌. മകയിരം ഇടവക്കൂറുകാര്‍ ശുക്രനെയും മിഥുനക്കൂറുകാര്‍ ബുധനെയും പ്രീതിപ്പെടുത്തുന്നതും നന്നായിരിക്കും. മകയിരത്തിന്റെ ദേവത ചന്ദ്രനാണ്‌.

വൃക്ഷം -കരിങ്ങാലി  
 മൃഗം - പാമ്പ് 
പക്ഷി - പുള്ള്
 ദേവത - ചന്ദ്രന്‍
ഗണം - ദേവഗണം
സ്ത്രീനക്ഷത്രം

No comments:

Post a Comment