Total Pageviews

Friday 6 May 2016

അശ്വതി നക്ഷത്രഫലം


ASWATHI NAKSHATHRAPHALAM 

 ഗ്രഹങ്ങളുടെ ഭ്രമണപഥമായ  ബ്രഹ്മാണ്ഡലത്തില്‍. 360 ഡിഗ്രികളെ 27 നക്ഷത്രമേഖലകളായി വിഭജിച്ചിട്ടുള്ളതില്‍ ആദ്യത്തെ നക്ഷത്ര മേഖലയാണ് അശ്വതി. ബ്രഹ്മാണ്ഡലത്തില്‍ 0 ഡിഗ്രി മുതല്‍ 13 ഡിഗ്രി (ഭാഗ) 20 മിനിട്ട് (കല) വരെയാണ് അശ്വതി നക്ഷത്ര മേഖല, ഭൂമിയെ ചുറ്റി സഞ്ചരിക്കുന്ന ചന്ദ്രന്‍ 0 ഡിഗ്രി മുതല്‍ 13 ഡിഗ്രി 20 മിനിട്ടുവരെ സഞ്ചരിക്കുന്ന സമയത്തെ അശ്വതി നക്ഷത്രം എന്നു പറയുന്നു. സാധാരണ ഭാഷയില്‍ അന്നേ ദിവസം അശ്വതി നക്ഷത്രമാണ്. മനുഷ്യനെ സംബന്ധിച്ചിടത്തോളം ചന്ദ്രന്‍ 0 ഡിഗ്രി മുതല്‍ 13 ഡിഗ്രി 20 മിനിട്ടിനകത്തുള്ള മേഖലയില്‍ സഞ്ചരിക്കുന്ന സമയത്ത് ജനിക്കുന്ന ശിശുവിന്റെ നക്ഷത്രം അശ്വതി ആയിരിക്കും. 
മേടം നക്ഷത്രരാശിയിലെ ആൽഫ, ബീറ്റ, ഗാമ എന്നീ മൂന്നു നക്ഷത്രങ്ങളാണു് അശ്വതി. ഭാരതീയ ജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും കുതിരയെപ്പോലെയുള്ളവൾ എന്ന അർ‌ഥത്തിൽ അശ്വിനി (സംസ്കൃതം: अश्विनी) എന്നാണു് ഇപ്പോൾ ഈ കൂട്ടം അറിയപ്പെടുന്നതു്.
അശ്വാരൂഢന്മാരായ രണ്ടുപേർ എന്ന അർത്ഥത്തിൽ അശ്വിനൗ അഥവാ അശ്വായുജൗ എന്ന ദ്വന്ദനാമങ്ങളായിരുന്നു ഈ നക്ഷത്രകൂട്ടങ്ങൾക്കു് പ്രാചീനമായി ഉണ്ടായിരുന്നതു്. എന്നാൽ സൂര്യസിദ്ധാന്തത്തിലും മദ്ധ്യകാലഘട്ടത്തിനുശേഷമുള്ള ഗ്രന്ഥങ്ങളിലും ഈ പേർ അശ്വിനി എന്നായി മാറി.
അശ്വതി നക്ഷത്രത്തില്‍ ജനിച്ചവന്‍ പണ്ഡിതനും സ്ഥിരസ്വഭാവക്കാരനും, വിദഗ്ദനും, പ്രവര്‍ത്തനങ്ങളില്‍ വിശ്വാസപൂര്‍വ്വം ഏര്‍പ്പെടുന്നവനും, കുടുംബത്തിൽ പ്രധാനിയും ആയിരിക്കും. ഇയാളിൽ ആത്മവിശ്വാസം വളരെ കൂടുതലായിരിക്കും. ആളുകളുടെ ബഹുമാനം ധാരാളം ലഭിക്കും. ശരീരാകൃതി വളരെ ശോഷിച്ചതോ വളരെ കൃശമോ, വളരെ ഉയര്‍ന്നതോവളരെ ഹ്രസമോ ആകാതെ മദ്ധ്യമമായിരിക്കും.ഈ നക്ഷത്രത്തില്‍ ജനിച്ചാല്‍ ബുദ്ധിശക്തി, ധൈര്യം, സാമര്‍ത്ഥ്യം എന്നവ ഉണ്ടായിരിക്കും. ഓര്‍മ്മശക്തി, അറിവ്‌ സമ്പാദിക്കുന്നതില്‍ താല്‍പര്യം, വിശാലനയനങ്ങള്‍, വിസ്തൃതമായ നെറ്റിത്തടം, ശാന്തത, വിനയം, ചിലപ്പോള്‍ നിര്‍ബന്ധബുദ്ധി, ബലപ്രയോഗത്തിന്‌ വഴങ്ങാത്ത സ്വഭാവം, നിശ്ചദാര്‍ഢ്യം, ചിലപ്പോള്‍ മദ്യാപാനാസക്തി, സേവന സന്നദ്ധത, പരിശ്രമശീലം തുടങ്ങിയ ഇവരുടെ ലക്ഷണങ്ങളാണ്‌. സ്ത്രീകള്‍ ഈ നക്ഷത്രത്തില്‍ ജനിക്കുന്നത്‌ ഐശ്വര്യപ്രദമാണ്‌.  ഇവര്‍ വലിയ അഭിമാനികളാണ്.അഭിമാനത്തിന് ക്ഷതമോ കോട്ടമോ വരുന്ന പ്രവര്‍ത്തികളില്‍ ഇടപെടാറില്ല. തന്റെ അഭിമാനത്തിന് ഭംഗം വരുത്തുന്നവരോട് തക്ക സമയത്ത് പകരം ചോദിക്കുകയും ചയ്യും. അതുകൊണ്ട് അശ്വതി നക്ഷത്രക്കാരെ എതിരാളികളാക്കരുത്. അവരുടെ പ്രതികാരദാഹം എളുപ്പം കെട്ടടുങ്ങന്നതല്ല.പെട്ടന്നു തീരുമാനമെടുക്കാനും പ്രവര്‍ത്തിച്ച് ലക്ഷ്യത്തില്‍ എത്താനുമുള്ള വെമ്പല്‍ കാരണം ഇവര്‍ സ്വേഛാധികളെപ്പോലെ പെരുമാറും. കീഴ്ജീവനക്കാരും സഹപ്രവര്‍ത്തകരും തന്റെ കൂടെ എത്തുന്നില്ലാ എന്നുകാണുമ്പോള്‍ ക്ഷോഭിക്കും. ഇത് സഹപ്രവര്‍ത്തകരുടെ അപ്രീതിക്കും, മുഷിച്ചിലിനും, നിസ്സഹകരണത്തിനും കാരണമാകുമെന്നതിനാല്‍ ഈ സ്വഭാവത്തെ നിയന്ത്രിക്കണം. ഇല്ലെങ്കില്‍ മന:സമാധാനം നശിക്കും. ലോകരോടുതന്നെ നീരസവും പുഛവും തോന്നാനിടവരും. അമിതമായ ആത്മവിശ്വാസം കാരണം അപകടങ്ങളില്‍ ചാടാന്‍ ഇടയാകുകയും ചെയ്യും.
 അശ്വതി നക്ഷത്രക്കാര്‍ക്ക് സ്വന്തം കഴിവുകളെപ്പറ്റി വലിയ മതിപ്പാണ്. അവര്‍ മറ്റുള്ളവരെ സഹായിക്കാന്‍ ഉപയോഗിക്കുന്നതില്‍ സന്തോഷവുമാണ്. തന്റെ സഹായം തേടുന്നവരെ സഹായിക്കാന്‍ തയ്യാറായി തന്റെ അസൗകര്യങ്ങളെയും മറന്ന് പ്രവര്‍ത്തിക്കും. സഹായം തേടിവരുന്നവര്‍ക്ക് പ്രതീക്ഷിച്ചതിലും അധികം സഹായം ലഭിക്കും. മറ്റുള്ളവരെ സഹായിക്കുന്നത് ഒറു തരം ഭ്രാന്തോ ദൗര്‍ബല്യമാണ് ഇവര്‍ക്ക് അശ്വതിക്കാരുടെ ഈ ദൗര്‍ബ്ബല്യത്തിനെ മറ്റുള്ളവര്‍ നല്ല പോലെ മുതലെടുക്കും. പകരം കൃതഘ്‌നതയും കാണിക്കും.
അശ്വതി നക്ഷത്രക്കാര്‍ സ്വന്തം അഭിപ്രായമനുസരിച്ചേ പെരുമാറുകയുള്ളു. മറ്റുള്ളവര്‍ എതിര്‍ അഭിപ്രായം പറയുന്നത് ഇഷ്ടപ്പെടുകയില്ല. സൗകര്യപ്പെട്ടാല്‍ എതിര്‍ക്കുകയും ചെയ്യും. എതിര്‍ക്കുന്ന സ്വഭാവവും തര്‍ക്കിക്കുന്ന സ്വഭാവവും ഇവരുടെ കൂടെ പിറപ്പാണ്. എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോള്‍ രൂക്ഷവും പരുഷവുമായ ഭാഷ പ്രയോഗിക്കും.
 അശ്വതി നക്ഷത്രക്കാര്‍ പലവിഷയങ്ങളെക്കുറിച്ചും സാമാന്യ ജ്ഞാനമുള്ളവരാണ്. ഇവര്‍ക്ക് ഊര്‍ജസ്വലതയോടും ബുദ്ധിപൂര്‍വ്വമായും ഉത്സാഹത്തോടുകൂടിയും പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഇവരില്‍ കലാരസികതയും വിനോദപ്രിയവും ഉണ്ടായിരിക്കും. വിവേകശക്തി, ചുറുചുറുക്ക്, പ്രസരിപ്പ് ചൈതന്യം, ശാന്ത ഗാംഭീര്യം എന്നിവ ഇവരുടെ വിശേഷ ഗുണങ്ങളാണ്. ഒരുകാര്യം വേണമെന്നു നിശ്ചയിച്ചാല്‍ അതിലേയ്ക്ക് നിരന്തരംപ്രയത്‌നിക്കുന്ന സ്വഭാവം ഇവരില്‍ കാണും. മറ്റുള്ളവര്‍ക്ക് ഇതു നിര്‍ബന്ധബുദ്ധിയാണെന്നു തോന്നി പോകും. താന്‍ ആഗ്രഹിക്കുന്നതു നടന്നില്ലെങ്കില്‍ ഇവര്‍ക്ക് മുന്‍കോപം വരിക സ്വാഭാവികമാണ്. ഓരോ വിഷയത്തെപ്പറ്റിയും ഇവര്‍ പെട്ടെന്നു തന്നെ തീരുമാനമെടുക്കും. കാര്യങ്ങളെപ്പറ്റിയും അവ നേടാനുള്ള പോംവഴികളെപ്പറ്റിയും ചിന്തിച്ചുനില്‍ക്കാറില്ല. ഇതുകൊണ്ട് മറ്റുള്ളവര്‍ ഇവരെ വീണ്ടുവിചാരമില്ലാത്തവരാണെന്നു പറയും. ഒരു തീരുമാനമെടുത്തുകഴിഞ്ഞാല്‍ അതില്‍ നിന്നും പുറകോട്ടുപോകുന്ന സ്വഭാവം ഇവര്‍ക്കില്ല. മാത്രമല്ല ആ ലക്ഷ്യം നേടാന്‍ കിണഞ്ഞു ശ്രമിക്കുന്ന നിശ്ചയദാര്‍ഢ്യവും ഇവര്‍ക്കുണ്ട്. ഈ സ്വഭാവം കാരണം അശ്വതിക്കാര്‍ ഒരു കാര്യം ശ്രദ്ധിക്കുന്നതു നന്നായിരിക്കും. പൊതുവെയുള്ള ധൃതി സ്വഭാവവും പെട്ടെന്നു തീരുമാനമെടുക്കുന്ന സ്വഭാവത്തെയും ഒന്നു നിയന്ത്രിച്ച് ഓരോ കാര്യവും വിവേക പൂര്‍വ്വം തീരുമാനിക്കുകയും യുക്തിപൂര്‍വ്വം വരും വരായ്കകള്‍ ചിന്തിക്കുകയും ചെയ്ത് സാവധാനം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ ജീവിതത്തില്‍ ഉയര്‍ന്ന ലക്ഷ്യത്തില്‍ എത്തിച്ചേരാം. കമ്പനി മാനേജര്‍മാര്‍, ഭരണാധികള്‍, സൈന്യാധിപന്‍മാര്‍ തുടങ്ങയവര്‍ ആത്മനിയന്ത്രണവും യുക്തിബോധവും വിവേകശക്തിയുമുള്ള അശ്വതി നക്ഷത്രക്കാരായിരിക്കും. മനോവിഷമങ്ങള്‍ സാധാരണയായി ഉണ്ടാകുമെങ്കിലും അതിനെ പുറത്തു കാണിക്കാറില്ല. സ്വന്തം ക്ലേശങ്ങളുടെ പരിഹാരത്തിനായി മറ്റുള്ളവരെ സമീപിക്കുന്നതിന് ഇവരുടെ ആത്മാഭിമാനം സമ്മതിക്കുകയില്ല. കുടുംബ ഭരണത്തില്‍ വരുന്ന ക്ലേശങ്ങള്‍ ഇവര്‍ ഭാര്യയെപ്പോലും അറിയിക്കുകയില്ല. കുടുംബത്തിനോടും കുട്ടികളോടും ഇവര്‍ക്ക് വലിയ സ്‌നേഹമാണ് എന്തു ത്യാഗം സഹിച്ചും കുടുംബസുഖം നിലനിര്‍ത്തും. പക്ഷേ കുടുംബത്തില്‍ നിന്ന് ഇവര്‍ക്ക് ആനുകൂല്യം കുറവായിരിക്കും. ഇവര്‍ അടുക്കും ചിട്ടയും ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമാണ്. താന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ മുറി, കിടക്ക, ഡ്രസ്സ് തുടങ്ങിയവ വൃത്തിയാക്കി സൂക്ഷിക്കും. ബാത്‌റൂം വൃത്തിയാക്കാനും മുറികളില്‍ പൊടിയടിക്കാനും കുളിക്കാനും മറ്റും ഇവര്‍ മണിക്കൂറുകള്‍ ചിലവാക്കും. സംഗീതം, നൃത്തം, തുടങ്ങിയ കലകളിലും വ്യായാമങ്ങളിലും താത്പര്യം ഉണ്ടായിരിക്കും. പരിശീലിച്ചാല്‍ പ്രദര്‍ശന പാടവം ലഭിക്കും.
അശ്വതി ജാതകരില്‍ നിന്ന്‌ ഔഷധങ്ങള്‍ സ്വീകരിക്കുന്നതും അവര്‍ ഔഷധങ്ങള്‍ നല്‍കുന്നതും ഫലപ്രദമാണെന്ന്‌ വിശ്വസിക്കപ്പെടുന്നു.


 കാര്‍ത്തിക, മകയിരം, പുണര്‍തം, വിശാഖം നാലാംപാദം, അനിഴം, തൃക്കേട്ട എന്നിവ പ്രതികൂലനക്ഷത്രങ്ങളാണ്‌.
 സൂര്യന്‍, ചൊവ്വ, വ്യാഴം എന്നീ ദശാകാലങ്ങള്‍ ഇവര്‍ക്ക്‌ പൊതുവെ അശുഭമായേക്കാം. അതിനാല്‍ ഇക്കാലത്ത്‌ ഇവര്‍ വിധിപ്രകാരം ദോഷപരിഹാരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. ഈ നക്ഷത്രക്കാര്‍ ഗണപതിയെ ഭജിക്കുന്നത്‌ ഉത്തമമാണ്‌. ജന്മനക്ഷത്രം തോറും ഗണപതിഹോമം നടത്തുന്നത്‌ ഐശ്വര്യപ്രദമായിരിക്കും. വിനായക ചതുര്‍ത്ഥിനാളില്‍ വ്രതമനുഷ്ഠിക്കുന്നതും ഉത്തമം. കേതുപ്രീതികരമായ മന്ത്രങ്ങളും സ്തോത്രങ്ങളും ഇവര്‍ ജപിക്കുന്നതും ഉത്തമം. രാശ്യാധിപനായ കുജനെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങളും ഇവര്‍ അനുഷ്ഠിക്കേണ്ടതാണ്‌. ചൊവ്വാഴ്ചയും അശ്വതി നക്ഷത്രവും ചേര്‍ന്നുവരുന്ന ദിവസം സുബ്രഹ്മണ്യഭജനം, ഭദ്രകാളീഭജനം (ചൊവ്വ ജാതകത്തില്‍ യുഗ്മരാശിയിലെങ്കില്‍) എന്നിവ നടത്തുന്നത്‌ ഫലപ്രദമാണ്‌.

2 comments:

  1. 2016ൽ പ്രസിദ്ധികരിച്ച അതെ ഫലം 2018ലും.. നിനക്കോക്കെ ഒക്കെ വല്ല തൂമ്പ പണിക്കും പൊയ്ക്കൂടേ ???

    ReplyDelete